മയ്യഴി : പെൺകുട്ടികൾക്ക് സ്വയം പ്രതിരോധം തീർക്കാനുള്ള കരുത്ത് ആർജിക്കുന്നതിനുള്ള സർക്കാരിൻ്റെ സെൽഫ് ഡിഫൻസ് കോഴ്സ് മാഹിയിൽ തുടങ്ങി.
സമഗ്ര ശിക്ഷ അഭിയാൻ്റെ സെൽഫ് ഡിഫൻസ് പ്രോഗ്രാമിൻ്റെ ഭാഗമായാണു മാഹി മേഖലയിലെ സ്കൂളുകളിൽ കരാത്തെ പരിശീലനം നടക്കുന്നത്.
എസ്.എസ്.എ യുടെ ഈ പദ്ധതിക്ക് കീഴിൽ ഓരോ വർഷവും 500-ഓളം പെൺകുട്ടികൾ വിദ്യാഭ്യാസത്തോടൊപ്പം ഈ സെൽഫ് ഡിഫൻസ് കോഴ്സിലും പരിശീലനം നേടി വരുന്നു. മയ്യഴിയിലെ വിദ്യാഭ്യാസത്തിൻ്റെ സവിശേഷതയാണിത്. ഈ പദ്ധതിയിൽ പരിശീലനം നേടിയവരിൽ ഒട്ടേറെപ്പേർ തുടർ പരിശീലനം നേടി ബ്ലാക്ക് ബെൽറ്റുകൾ നേടുകയും പരിശീലകരായി ജോലി ചെയ്യുകയും ചെയ്യുന്നുണ്ട്. പരിശീലനം നേടുന്ന വിദ്യാർഥികൾക്ക് കരാത്തെ ചാമ്പ്യൻഷിപ്പുകളിലും ക്യാമ്പുകളിലും പങ്കെടുക്കാൻ അവസരം ലഭിച്ചിട്ടുമുണ്ട്. 9-ാം ക്ലാസിലെ വിദ്യാർഥിനികൾക്ക് വേണ്ടിയാണ് പരിശീലനമെങ്കിലും ഏഴാം ക്ലാസ് മുതലുള്ളവരും പരിശീലനത്തിൽ പങ്കെടുക്കുന്നു.
പള്ളൂർ പാറാലിലെ സ്പോർട്സ് കരാട്ടെ ഡോ അക്കാദമി ഓഫ് ഇന്ത്യയുടെ 37 വർഷമായി കരാത്തെ മാർഷൽ ആർട്സ് മേഖലയിൽ പ്രവർത്തിക്കുന്ന
മുഖ്യ പരിശീലകൻ സെൻസായ് കെ. വിനോദ് കുമാറിൻ്റെ നേതൃത്വത്തിലാണ് സ്കൂളുകളിൽ പരിശീലനം നടക്കുന്നത്.
സെൻസായ് അക്ഷര എസ്. പ്രമോദ്, സെൻസായ് കെ. ജിയോൺ വിനോദ്, സമ്പായ് കെ.കെ. കൃഷ്ണ, സമ്പായ് എ. ശ്രീക്കുട്ടി തുടങ്ങിയ വനിതാ പരിശീലകർ ഉൾപ്പെടെയുള്ളവർ വിവിധ കരാത്തെ കേന്ദ്രങ്ങളിലും സ്കൂളുകളിലും പരിശീലനം നൽകുന്നു.
ഗവ. മിഡിൽ സ്കൂൾ മാഹിയിൽ (അനക്സിൽ) സൗജന്യ കരാത്തെ പരിശീലനം തുടങ്ങി.
ഗവ. മിഡിൽ സ്കൂൾ മാഹി ഉൾപ്പെടെ മാഹിയിലെ ഒമ്പത് വിദ്യാലയങ്ങളിൽ കരാത്തെ പരിശീലനം തുടങ്ങിയിട്ടുണ്ട്.
കുട്ടികളുടെ കരാത്തെ പoനത്തോട് അതീവ താല്പര്യമുള്ള മിഡിൽ സ്കൂളിലെ രക്ഷിതാക്കളും അധ്യാപകരും ചേർന്ന് പരിശീലനം തുടങ്ങുന്നതിന് മുമ്പ് തന്നെ പെൺകുട്ടികൾക്ക് കരാത്തെ യൂണിഫോമുകൾ തയ്യാറാക്കി നൽകിയത് ശ്രദ്ധേയമായി. യൂണിഫോമുകൾ അണിഞ്ഞാണ് പെൺകുട്ടികൾ പരിശീലനം തുടങ്ങിയത്.
സെൻസായ് കെ.വിനോദ് കുമാർ പരിശീലനം ഉദ്ഘാടനം ചെയ്തു. യൂണിഫോമുകളുടെ വിതരണോദ്ഘാടനം പ്രഥമാധ്യാപിക എ.എം.രജിത നിർവ്വഹിച്ചു. വിദ്യാർഥിനി ഫാത്തിമ ഹൈക്ക ഹിജാസ് ഏറ്റുവാങ്ങി. അധ്യാപകരായ എസ്.ശരൺ മോഹൻ, ജെ.സി. വിദ്യ എന്നിവർ പ്രസംഗിച്ചു.