മാഹി : മുഴപ്പിലങ്ങാട് ഭിന്ന ശേഷിക്കാരനായ 10 വയസുകാരൻ നിഹാലിനെ തെരുവ് നായകൾ കടിച്ചു കൊന്നതിന്റെ പശ്ചാത്തലത്തിൽ തെരുവ് നായ വിഷയത്തിൽ ഭീതിയിലാണ് മാഹിയിലെ രക്ഷിതാക്കളും .
നാളെ സ്കൂളുകൾ തുറക്കുമ്പോൾ തെരുവ് പട്ടികളുടെ വിളയാട്ടത്തിൽ ഭീതിയോടെ കുട്ടികളെ സ്കൂളിലയക്കേണ്ട ഗതികേടിലാണ് രക്ഷിതാക്കൾ
കഴിഞ്ഞ ദിവസം പന്തക്കൽ കുന്നുമ്മൽ പാലത്തിന് സമീപം മൂന്ന് പേർക്ക് തെരുവ് നായയുടെ കടിയേറ്റിരുന്നു.
എം പി രതീഷ് (55), കെ കെ മോഹനൻ (58) എന്നിവർക്കും മറ്റൊരു യുവാവിനുമാണ് കടിയേറ്റത്. മൂന്ന് പേരും ആശുപത്രികളിൽ ചികിത്സ തേടി.
വർഷങ്ങൾക്ക് മുമ്പ് പന്തക്കലിൽ വെച്ച് ഒരു കുട്ടിയെ തെരുവ്നായകൾ കടിച്ചു കീറി കൊന്നിരുന്നു.
മാഹിയിലും തെരുവ് നായകളുടെ വിളയാട്ടമാണ്.ടാഗോർ പാർക്ക് നായകളുടെ ഉദ്യാനമായി എന്നേ മാറിക്കഴിഞ്ഞു.ടാഗോർ പാർക്കിന് ചുറ്റുവട്ടത്തായി നാലോളം സ്കൂളുകളാണുള്ളത്.
തെരുവ് നായയെ ഇടയ്ക്ക് വന്ധ്യംകരിക്കുവാനായി പിടിച്ചു കൊണ്ടു പോയിരുന്നു.തെരുവ് നായ വിഷയത്തിൽ ബന്ധപ്പെട്ട അധികാരികൾ അടിയന്തിരമായി നടപടി കൈകൊണ്ടില്ലെങ്കിൽ നാളെ മുഴപ്പിലങ്ങാട് സംഭവം മാഹിയിലും സംഭവിക്കുമെന്ന ആശങ്കയിലാണ് പൊതുജനം.