പുതുച്ചേരി: പുതുച്ചേരി നിയമസഭാംഗങ്ങളുടെ നിയോജകമണ്ഡല വികസന ഫണ്ട് രണ്ട് കോടിയിൽ നിന്ന് മൂന്ന് കോടി രൂപയായി ഉയർത്തി സർക്കാർ ഔദ്യോഗിക ഉത്തരവിറക്കി. കഴിഞ്ഞ ബജറ്റ് സമ്മേളനത്തിൽ മുഖ്യമന്ത്രി എൻ. രംഗസാമിയാണ് ഫണ്ട് വർദ്ധിപ്പിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നത്.
പുതിയ ഉത്തരവ് പ്രകാരം പുതുച്ചേരി കേന്ദ്രഭരണ പ്രദേശത്തെ 30 നിയമസഭാ മണ്ഡലങ്ങൾക്കും മൂന്ന് കോടി രൂപ വീതം ലഭിക്കും. ഇതോടെ മണ്ഡല വികസന പ്രവർത്തനങ്ങൾക്കായി ആകെ 90 കോടി രൂപയാണ് സർക്കാർ നീക്കിവെച്ചിരിക്കുന്നത്. ഫണ്ട് വർദ്ധിപ്പിച്ചതോടെ ഓരോ എം.എൽ.എയ്ക്കും സ്വന്തം മണ്ഡലത്തിൽ കൂടുതൽ അടിസ്ഥാന സൗകര്യ വികസന പദ്ധതികളും ജനക്ഷേമ പ്രവർത്തനങ്ങളും നടപ്പിലാക്കാൻ സാധിക്കും. സർക്കാരിന്റെ ഈ തീരുമാനത്തെ നിയമസഭാംഗങ്ങൾ സ്വാഗതം ചെയ്തു.
