മാഹി: തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിർദ്ദേശാനുസരണം 2027 ജനുവരി ഒന്നിന് 18 വയസ്സ് പൂർത്തിയാകുന്ന മാഹി നിയോജകമണ്ഡലത്തിലെ സ്ഥിരതാമസക്കാർക്ക് ഡിസംബർ 11 വരെ വോട്ടർ പട്ടികയിൽ പേര് ചേർക്കാൻ അവസരം ലഭിക്കും. നവംബർ 28, 29 (ശനി, ഞായർ) തീയതികളിൽ രാവിലെ ഒമ്പത് മണി മുതൽ വൈകുന്നേരം അഞ്ച് മണി വരെ അതാത് പോളിംഗ് ബൂത്തുകളിൽ നടക്കുന്ന സ്പെഷൽ ക്യാമ്പിലും അപേക്ഷകൾ സ്വീകരിക്കും.
പേര് ചേർക്കൽ, തിരുത്തലുകൾ, തടസ്സവാദങ്ങൾ, നീക്കം ചെയ്യൽ എന്നിവയ്ക്കുള്ള അപേക്ഷാ ഫോറങ്ങൾ ഡിസംബർ 11 വരെ സമർപ്പിക്കാം. തെരഞ്ഞെടുപ്പ് കമ്മീഷന്റെ വോട്ടേഴ്സ് സർവീസ് പോർട്ടൽ (voters.eci.gov.in) എന്ന വെബ്സൈറ്റ് വഴിയോ ഇസിഐനെറ്റ് (ECINET) ആപ്പ് വഴിയോ അതാത് ബൂത്ത് ലെവൽ ഓഫീസർ (ബിഎൽഒ) മുഖേനയോ അപേക്ഷ നൽകാവുന്നതാണെന്ന് മാഹി ഇലക്ട്രോറൽ രജിസ്ട്രേഷൻ ഓഫീസർ അങ്കിത് കുമാർ ഐഎഎസ് അറിയിച്ചു.
