പെരിങ്ങാടി: സംസ്ഥാനത്തെ തെരുവുകളിൽ തെരുവ് നായ്ക്കളുടെ ശല്യം രൂക്ഷമായ സാഹചര്യത്തിൽ പൊതുജനങ്ങളുടെ സുരക്ഷ ഉറപ്പാക്കാൻ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും അധികൃതരും അടിയന്തരമായി ഇടപെടണമെന്ന് ആവശ്യം. പ്രായമായവർക്കും കുട്ടികൾക്കും ഭയമില്ലാതെ നിരത്തിലിറങ്ങാൻ കഴിയാത്ത അവസ്ഥയാണെന്ന് ചൂണ്ടിക്കാട്ടി സാംസ്കാരിക പ്രവർത്തകനായ ബഷീർ ഏരത്ത് അധികൃതരുടെ ശ്രദ്ധ ക്ഷണിച്ചു.
തെരുവ് നായ്ക്കൾ പെട്ടെന്ന് റോഡിന് കുറുകെ ചാടുന്നത് കാരണം ഇരുചക്രവാഹന യാത്രക്കാർ സ്ഥിരമായി അപകടത്തിൽപ്പെടുന്നു. പാർക്കുകൾ, റെയിൽവേ സ്റ്റേഷനുകൾ, ആശുപത്രി പരിസരങ്ങൾ എന്നിവയ്ക്ക് പുറമെ വീടുകൾക്കുള്ളിൽ വരെ നായ്ക്കൾ കയറി ആക്രമണം നടത്തുന്ന സംഭവങ്ങൾ വർധിച്ചുവരികയാണ്.
അക്രമകാരികളായ തെരുവ് നായ്ക്കളുടെ വിഷയത്തിൽ സുപ്രീം കോടതിയുടെ വ്യക്തമായ വിധികളും നിർദേശങ്ങളും നിലനിൽക്കെ അധികൃതർ കാണിക്കുന്ന അലംഭാവം അവസാനിപ്പിക്കണമെന്നും പൊതുജനങ്ങളുടെ ജീവന് സംരക്ഷണം നൽകാൻ ശാശ്വത പരിഹാരം കാണണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
