ക്രൈസ്തവർ ഇന്ന് പെസഹാ വ്യാഴം ആചരിക്കുന്നു; മാഹി സെന്റ് തെരേസ ബസിലിക്കയിൽ പ്രത്യേക തിരുക്കർമ്മങ്ങൾ

 


മാഹി: ലോകമെങ്ങുമുള്ള ക്രൈസ്തവർ ഇന്ന് ക്രിസ്തുവിന്റ തിരുവത്താഴത്തിന്റെ ഓർമ്മ പുതുക്കി പെസഹാ വ്യാഴം കൊണ്ടാടുന്നു. യേശുക്രിസ്തു തന്റെ ശിഷ്യന്മാരുടെ പാദങ്ങൾ കഴുകി വിനയത്തിന്റെ സന്ദേശം നൽകിയതിന്റെ സ്മരണയ്ക്കായി ദേവാലയങ്ങളിൽ ഇന്ന് 'പാദക്ഷാളന' ശുശ്രൂഷ നടക്കും. പ്രധാന പുരോഹിതർ തിരഞ്ഞെടുക്കപ്പെട്ട 12 പേരുടെ കാലുകൾ കഴുകി ചുംബിക്കുന്ന ചടങ്ങ് വിവിധ പള്ളികളിൽ നടക്കും.

മാഹിയിലെ പ്രശസ്തമായ സെന്റ് തെരേസ ബസിലിക്കയിൽ പെസഹാ ചടങ്ങുകൾക്ക് റെക്ടർ റവ. ഫാദർ സെബാസ്റ്റ്യൻ കാരക്കാട്ട് മുഖ്യ കാർമികത്വം വഹിക്കും. രാവിലെ 6:30-നാണ് ചടങ്ങുകൾ ആരംഭിക്കുക. തുടർന്ന് രാത്രി 12 മണി വരെ വിവിധ കുടുംബ യൂണിറ്റുകളുടെ നേതൃത്വത്തിൽ ആരാധനയും നടക്കും.

ദുഃഖവെള്ളി ചടങ്ങുകൾ:

നാളെ (വെള്ളിയാഴ്ച) രാവിലെ 7 മണിക്ക് സെന്റ് തെരേസ ബസിലിക്കയിൽ കുരിശിന്റെ വഴി ആരംഭിക്കും. സെമിത്തേരി റോഡ്, ആനവാതുക്കൽ, റെയിൽവേ സ്റ്റേഷൻ റോഡ് വഴി കുരിശിന്റെ വഴി ദേവാലയത്തിൽ എത്തിച്ചേരും. തുടർന്ന് പീഡാനുഭവ പ്രസംഗം നടക്കും. ഉച്ചയ്ക്ക് 3 മണിക്ക് വചനപ്രഘോഷണം, കുരിശ് ആരാധന, ദിവ്യകാരുണ്യ സ്വീകരണം എന്നിവയ്ക്ക് ശേഷം നഗരികാണിക്കൽ പ്രഘോഷണം നടക്കും. പള്ളി മൈതാനം ചുറ്റി ദേവാലയത്തിൽ സമാപിച്ച ശേഷം പൊതുവണക്കവും ഉണ്ടായിരിക്കും.

 

വളരെ പുതിയ വളരെ പഴയ