വടകര: 2022 ഡിസംബർ 17ന് 17.1 ലിറ്റർ മദ്യവുമായി എക്സൈസ് പിടികൂടിയ ടാങ്കര്‍ ലോറി ഉടമയ്ക്ക് തിരികെ ലഭിച്ചു. മാസങ്ങള്‍ നീണ്ട നിയമ പോരാട്ടത്തിനൊടുവിലാണ് ഉടമ തമിഴ്നാട് സ്വദേശിക്ക് വാഹനം തിരികെ കിട്ടിയത്.
നാമക്കല്‍ സ്വദേശിയായ കാര്‍ത്തിക് എക്സൈസ് അഡീഷണല്‍ കമ്മീഷണര്‍ക്ക് സമര്‍പ്പിച്ച ഹര്‍ജിയിലാണ് ലോറി വിട്ടു നല്‍കാന്‍ ഉത്തരവിട്ടത്.
മദ്യം പിടി കൂടിയ വാഹനം സാധാരണ ഗതിയില്‍ സര്‍ക്കാര്‍ കണ്ടുകെട്ടുകയാണ് പതിവ്. മദ്യം കടത്തിയ സംഭവത്തില്‍ തനിക്ക് ഒരു പങ്കുമില്ലെന്ന വാദവുമായി ടാങ്കര്‍ ഉടമ കാര്‍ത്തിക് നല്‍കിയ അപ്പീലിലാണ് അനുകൂല വിധിയുണ്ടായത്.
2022 ഡിസംബര്‍ 17-നാണ് ഈ ടാങ്കര്‍ 17.1 ലിറ്റര്‍ കര്‍ണാടക മദ്യവുമായി എക്‌സൈസ് കസ്റ്റഡിയിലെടുത്തത്. ഡ്രൈവര്‍ ലക്ഷ്മണനെ അറസ്റ്റുചെയ്തിരുന്നു. അന്നു മുതല്‍ ലോറി ദേശീയ പാതയില്‍ ചോമ്പാല ബ്ലോക്ക് ഓഫീസിനു മുന്നില്‍ കിടക്കുകയാണ്.
ടാങ്കര്‍ കണ്ടു കെട്ടുന്നതിന്റെ ഭാഗമായി കോഴിക്കോട് എക്സൈസ് ഡെപ്യൂട്ടി കമ്മിഷണര്‍ വല്ലതും ബോധിപ്പിക്കാനുണ്ടോയെന്ന് കാണിച്ച് നോട്ടീസയച്ചു. വാഹന ഉടമയായ താന്‍ സംഭവത്തില്‍ ഉള്‍പ്പെട്ടിട്ടില്ലെന്നും അതിനാല്‍ വണ്ടി വിട്ടു തരണമെന്നും മറുപടി നല്‍കിയെങ്കിലും ഇത് പരിഗണിച്ചില്ല.
തുടര്‍ന്ന് കാര്‍ത്തിക് അഭിഭാഷകനായ ഹരീഷ് കാരയിലിനെ സമീപിക്കുകയും, അദ്ദേഹം വഴി തിരുവനന്തപുരം എക്സൈസ് അഡീഷണല്‍ കമ്മീഷണര്‍ക്ക് അപ്പീല്‍ നല്‍കുകയും ചെയ്തു. ടാങ്കര്‍ ഉടമ മദ്യക്കടത്തില്‍ ഉള്‍പ്പെട്ടിട്ടില്ലെന്നും ഡ്രൈവര്‍ മദ്യം കടത്തിയതിന് 23 ലക്ഷം രൂപ വിലയുള്ള ടാങ്കര്‍ കണ്ടുകെട്ടുന്നത് നീതീകരിക്കാനാകില്ലെന്നും ഇവര്‍ വാദിച്ചു. ഇതെ തുടര്‍ന്നാണ് വാഹനം വിട്ടു നല്‍കാന്‍ ഉത്തരവായത്.