പുതുച്ചേരി: കേന്ദ്രഭരണ പ്രദേശമായ പുതുച്ചേരിയിൽ റേഷൻ കാർഡ് ഉടമകൾക്ക് 2026 ജനുവരി, ഫെബ്രുവരി മാസങ്ങളിലെ അരിവിഹിതത്തിന് പകരമായി പണം നൽകുന്നതിനായി 35.71 കോടി രൂപ അനുവദിച്ചു. അർഹരായ കുടുംബ കാർഡ് ഉടമകളുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് തുക നേരിട്ട് കൈമാറിയതായി സിവിൽ സപ്ലൈസ് ആൻഡ് കൺസ്യൂമർ അഫയേഴ്സ് വകുപ്പ് ഡയറക്ടർ മുത്തു മീന അറിയിച്ചു.
ജനുവരി മാസത്തിൽ 2,54,404 ഗുണഭോക്താക്കൾക്കായി 17.84 കോടി രൂപയും ഫെബ്രുവരിയിൽ 2,54,779 ഗുണഭോക്താക്കൾക്കായി 17.86 കോടി രൂപയുമാണ് വിതരണം ചെയ്തത്. പുതുച്ചേരി, കാരയ്ക്കൽ മേഖലകളിലെ ഗുണഭോക്താക്കൾക്കാണ് സർക്കാർ ഫണ്ടിൽനിന്ന് നേരിട്ട് ബാങ്ക് അക്കൗണ്ടുകളിലേക്ക് തുക ലഭിച്ചത്.
പദ്ധതി പ്രകാരം മഞ്ഞ കുടുംബ കാർഡ് ഉടമകൾക്ക് പ്രതിമാസം 430 രൂപ വീതം രണ്ട് മാസത്തേക്ക് ആകെ 860 രൂപയും, ചുവപ്പ് കാർഡ് ഉടമകൾക്ക് പ്രതിമാസം 860 രൂപ വീതം രണ്ട് മാസത്തേക്ക് ആകെ 1,720 രൂപയുമാണ് ലഭിക്കുക. തുക അർഹരായവരുടെ അക്കൗണ്ടുകളിൽ ക്രെഡിറ്റ് ചെയ്തിട്ടുണ്ടെന്നും അധികൃതർ വ്യക്തമാക്കി.